എന്താണ് ശിവാലയ ഓട്ടം? ഏതൊക്കെയാണ് ആ ക്ഷേത്രങ്ങൾ

മകരം, കുംഭം എന്നീ മാസങ്ങളുടെ മധ്യത്തിൽ ഹൈന്ദവരുടെ ആഘോഷമായ ശിവരാത്രിയോടനുബന്ധിച്ച് നടത്തപ്പെടുന്ന ഒരു ആചാരമാണ്‌ ശിവാലയ ഓട്ടം അഥവാ ചാലയം ഓട്ടം. ശിവരാത്രി നാളിൽ ദ്വാദശ രുദ്രന്മാരെ വണങ്ങുക എന്നതാണ്‌ ഈ ആചാരത്തിന്റെ സവിശേഷത. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ വിളവൻ‌കോട്, കൽക്കുളം താലൂക്കുകളിലായുള്ള 12 ശിവക്ഷേത്രങ്ങളിൽ ഒരു രാത്രിയും ഒരു പകലും കൊണ്ട് നടത്തുന്ന ദർശനമാണിത്.

മഹാഭാരത കഥയുമായി ബന്ധപ്പെട്ടാണ്‌ ശിവാലയഓട്ടത്തിനുപിന്നിലുള്ള ഐതിഹ്യം നിലനിൽക്കുന്നത്. ധർമ്മപുത്രൻ നടത്തിയ യാഗത്തിൽ പങ്കെടുക്കുവാൻ ശ്രീകൃഷ്ണന്റെ നിർദ്ദേശപ്രകാരം വ്യാഘ്രപാദമുനിയെ കൂട്ടിക്കൊണ്ടുവരുവാൻ ഭീമസേനൻ പോയി. കടുത്ത ശിവഭക്തനായ വ്യാഘ്രപാദൻ തന്റെ തപസ്സിളക്കിയ ഭീമനെ ആട്ടിപ്പായിച്ചു. ശ്രീകൃഷ്ണൻ നൽകിയ 12 രുദ്രാക്ഷങ്ങളുമായി ഭീമൻ വീണ്ടും തിരുമലയിൽ തപസ്സനുഷ്ഠിക്കുകയായിരുന്ന വ്യാഘ്രപാദനു സമീപമെത്തി. മുനി കോപിതനായി ഭീമനുനേരെ തിരിയുകയും ഭീമൻ പിന്തിരിഞ്ഞ് “ഗോവിന്ദാ… ഗോപാലാ…” എന്നു വിളിച്ച് ഓടൻ തുടങ്ങുകയും ചെയ്തു.

മുനി ഭീമന്റെ സമീപമെത്തുമ്പോൾ ഭീമൻ അവിടെ ഒരു രുദ്രാക്ഷം നിക്ഷേപിക്കും. അപ്പോൾ അവിടെ ഒരു ശിവലിംഗം ഉയർന്നുവരികയും ചെയ്യും. മുനി അവിടെ പൂജ നടത്തുമ്പോൾ ഭീമൻ മുനിയെ വീണ്ടും യാഗത്തിനു പോകാൻ പ്രേരിപ്പിക്കാൻ ശ്രമിക്കും. മുനി വീണ്ടും ഭീമന്റെ പുറകേ പോകുമ്പോൾ ഭീമൻ വീണ്ടും വീണ്ടും രുദ്രാക്ഷങ്ങൾ നിക്ഷേപിക്കുകയും ചെയ്യും. അങ്ങനെ 11 രുദ്രാക്ഷങ്ങളും നിക്ഷേപിക്കുകയും ശിവലിംഗങ്ങൾ ഉയർന്നു വരികയും ചെയ്തു.

ഒടുവിൽ 12-ആമത്തെ രുദ്രാക്ഷം നിക്ഷേപിച്ച സ്ഥലത്ത് ശ്രീകൃഷ്ണൻ പ്രത്യക്ഷപ്പെട്ട് വ്യാഘ്രപാദന്‌ ശിവനായും ഭീമന് വിഷ്ണുവായും ദർശനം നൽകുകയും ചെയ്തു. അങ്ങനെ ഇരുവർക്കും ശിവനും വിഷ്ണുവും ഒന്നെന്ന് വ്യകതമായി. അദ്ദേഹം പിന്നീട് ധർമ്മപുത്രന്റെ യാഗത്തിൽ പങ്കുകൊണ്ടു. ഭീമൻ രുദ്രാക്ഷം നിക്ഷേപിച്ചതിന്റെ ഫലമായി സ്ഥപിതമായ 12 ശിവക്ഷേത്രങ്ങളിലാണ്‌ ശിവാലയ ഓട്ടം നടക്കുന്നത്.

കന്യാകുമാരി ജില്ലയിൽ നൂറ്റാണ്ടുകൾക്ക് മുൻപ് നിലനിന്ന ജൈനമതത്തിന്റെ അനുഷ്ഠാനരീതികളുടെ പിന്തുടർച്ചയാണ്‌ ശിവാലയ ഓട്ടമെന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു.

തിരുമല, തിക്കുറുശ്ശി, തൃപ്പരപ്പ്, തിരുനന്ദിക്കര, പൊന്മന, പന്നിപ്പാകം, കൽക്കുളം, മേലാങ്കോട്, തിരുവിടയ്ക്കോട്, തിരുവിതാംകോട്, തൃപ്പന്നികോട്, തിരുനട്ടാലം എന്നിവയാണ്‌ 12 ശിവാലയ ക്ഷേത്രങ്ങൾ. 100 കിലോമീറ്റർ ചുറ്റളവിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രങ്ങളിൽ കാൽനടയായി ദർശനം നടത്തുന്നതാണ്‌ വഴിപാട്. ഒരാഴ്ച വ്രതം നോറ്റശേഷമാണ്‌ വഴിപാട് സമർപ്പിക്കുന്നത്.

ശിവരാത്രി ദിവസത്തിന്റെ തലേ ദിവസം വൈകുന്നേരം തിരുമല ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന ഓട്ടം ശിവരാത്രി ദിവസം വൈകുന്നേരത്തോടു കൂടി തിരുനട്ടാലം ക്ഷേത്രത്തിൽ അവസാനിക്കുന്നു. കാവി വസ്ത്രം, തുളസിമാല എന്നിവ അണിഞ്ഞ് കൈകളിൽ വിശറിയും ഭസ്മ സഞ്ചിയും കൊണ്ടാണ്‌ ഭക്തർ ഈ ദർശനം നടത്തുന്നത്. ശിവക്ഷേത്രങ്ങളിലേക്കാണ്‌ യാത്രയെങ്കിലും “ഗോവിന്ദാ… ഗോപാലാ…” എന്നീ വൈഷ്ണവമന്ത്രങ്ങളാണ്‌ ഇവർ ഉരുവിടുന്നത്. അതിനാൽ ഇവർ ഗോവിന്ദന്മാർ എന്ന പേരിലും അറിയപ്പെടുന്നു.

Related Posts

Previous Post Next Post

Leave a Reply

Your email address will not be published. Required fields are marked *