മധ്യകേരളത്തിൽ വെഡ്‌ഡിങ് ഫോട്ടോഗ്രാഫിയ്ക്ക് അനുയോജ്യമായ സ്ഥലങ്ങൾ

പണ്ടൊക്കെ കല്യാണം കഴിഞ്ഞാൽ പിന്നെ വീടിനു പരിസരങ്ങളിൽ നിന്നായിരിക്കും ഫോട്ടോകൾ എടുക്കാറുള്ളത്. എന്നാൽ ഇന്ന് അങ്ങനെയല്ല. പോസ്റ്റ് വെഡിങ് ഷൂട്ട് എന്നൊരു ചടങ്ങ് തന്നെയുണ്ട് ലോകമെമ്പാടുമായിട്ട്. വിവാഹം കഴിഞ്ഞു അടുത്ത ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളിൽ ആയിരിക്കും ഇത്തരത്തിൽ പോസ്റ്റ് വെഡിംഗ് ഫോട്ടോഗ്രാഫി ട്രിപ്പ് നടത്തുക. ഇതിനായി കേരളത്തിലെ പ്രധാന ടൂറിസ്റ്റു കേന്ദ്രങ്ങൾ മുതൽ വിദേശരാജ്യങ്ങളിൽ വരെ പോകുന്നവരുണ്ട്. അതൊക്കെ ഓരോരുത്തരുടെ സാമ്പത്തികശേഷി അനുസരിച്ചിരിക്കും.

വിവാഹം കഴിഞ്ഞാൽ പിന്നെ എല്ലാവരും ആലോചിക്കുന്നത് പോസ്റ്റ് വെഡിങ് ഫോട്ടോഗ്രാഫി എവിടെ വേണമെന്നായിരിക്കും. ഇതിനായി ഫോട്ടോഗ്രാഫർമാരും സ്ഥലങ്ങൾ തിരഞ്ഞെടുക്കാറുണ്ട്. ഇത്തരത്തിൽ വെഡ്‌ഡിങ് ഫോട്ടോഗ്രാഫിയ്ക്ക് അനുയോജ്യമായ മധ്യകേരളത്തിലെ ചില സ്ഥലങ്ങളെ പരിചയപ്പെടുത്തി തരാം.

1. തൃശ്ശൂർ : പെണ്ണിന്റേയോ ചെക്കന്റെയോ വീട് തൃശ്ശൂരിലോ പരിസരപ്രദേശങ്ങളിലോ ആണെങ്കിൽ ഉറപ്പായും വെഡ്‌ഡിങ് ഫോട്ടോഗ്രാഫിയ്ക്ക് ഉൾപ്പെടുത്തുവാൻ കഴിയുന്ന ഒരു സ്ഥലമാണ് തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രം. അതിരാവിലെ സൂര്യൻ ഉദിയ്ക്കുന്ന സമയത്ത് ഇവിടം നല്ല ഫോട്ടോജെനിക് ആയിരിക്കും. ആൽബമൊക്കെ നല്ല പൂര പ്രൗഢിയോടെ ലഭിക്കുവാനും ഇവിടെ നിന്നുള്ള ചിത്രങ്ങൾ കൊണ്ട് സാധിക്കും. ഇതു കൂടാതെ പീച്ചി ഡാം, വാഴാനി ഡാം, പൂമല ഡാം, അതിരപ്പിള്ളി – വാഴച്ചാൽ, സ്നേഹതീരം ബീച്ച് തുടങ്ങിയവയും തൃശൂർ ജില്ലക്കാർക്ക് തിരഞ്ഞെടുക്കാവുന്ന സ്ഥലങ്ങളാണ്.

2. കോട്ടയം : കോട്ടയം – ഇടുക്കി ജില്ലതിർത്തിയായ വാഗമൺ ഒരു ടൂറിസ്റ്റു കേന്ദ്രം എന്നതിലുപരി ഇപ്പോൾ ഒരു വെഡ്ഡിംഗ് ഫോട്ടോഗ്രാഫി കേന്ദ്രം കൂടിയാണ്. വാഗമണിലെ പൈൻ ഫോറസ്റ്റുകൾക്കിടയിലൂടെ പ്രണയാതുര ഭാവത്തോടെ നടക്കുന്ന യുവമിഥുനങ്ങളുടെ ദൃശ്യം അതിമനോഹരമാണ്. വാഗമൺ കഴിഞ്ഞാൽ ഏറ്റവും കൂടുതലാളുകൾ തിരഞ്ഞെടുക്കുന്ന സ്ഥലങ്ങൾ കുമരകം, ഇല്ലിക്കൽ കല്ല് തുടങ്ങിയവയാണ്. ഇവയ്ക്കു പുറമെ കടുത്തുരുത്തിയ്ക്ക് സമീപമുള്ള ‘മാങ്കോ മെഡോസ് പാർക്ക്’ പോസ്റ്റ് വെഡ്ഡിംഗ് ഫോട്ടോഗ്രാഫിയ്ക്ക് വളരെ അനുയോജ്യമാണ്. കുറഞ്ഞ ചെലവിൽ വ്യത്യസ്തങ്ങളായ ലൊക്കേഷനുകൾ ഇവിടെ ലഭിക്കും.

3. ആലപ്പുഴ : കായലും പാടങ്ങളും ബോട്ടും വഞ്ചിയുമൊക്കെയായി നല്ല കളർഫുൾ ചിത്രങ്ങൾ ലഭിക്കണമെങ്കിൽ ഒട്ടും മടിക്കേണ്ട, നേരെ ആലപ്പുഴയിലേക്ക് വിട്ടോളൂ. കുറച്ചു പണം മുടക്കിയാൽ ഫോട്ടോഗ്രാഫിയ്ക്കായി ഹൗസ് ബോട്ട് വാടകയ്ക്ക് എടുക്കുകയോ കായൽ തീരത്തുള്ള റിസോർട്ട് ബുക്ക് ചെയ്യുകയോ ഒക്കെയാകാം. ഇത്തരത്തിൽ ചെയ്യുമ്പോൾ നിങ്ങൾക്ക് നല്ല സ്വകാര്യത ലഭിക്കുകയും ചെയ്യും. ആലപ്പുഴ ബീച്ച്, അന്ധകാരനഴി ബീച്ച്, പുളിങ്കുന്ന് പള്ളി തുടങ്ങിയവയും ഫോട്ടോയ്ക്ക് പോസ് ചെയ്യുവാൻ പറ്റിയ കിടിലൻ സ്ഥലങ്ങളാണ്.

4. എറണാകുളം : എറണാകുളത്തെ പ്രധാനപ്പെട്ട വെഡിങ് ഫോട്ടോഗ്രാഫി കേന്ദ്രങ്ങൾ ഫോർട്ട്കൊച്ചി, തോപ്പുംപടി പാലം, കണ്ണമാലി ബീച്ച് (പറവ സിനിമയിൽ കാണിക്കുന്ന ബീച്ച്), കടമക്കുടി, ഏഴാറ്റുമുഖം തുടങ്ങിയവയാണ്. ക്രിസ്ത്യൻ ദമ്പതികളാണെങ്കിൽ വല്ലാർപാടം പള്ളിയുടെ മുന്നിൽ നിന്നും ദൃശ്യങ്ങൾ പകർത്താവുന്നതാണ്. അനുമതി ലഭിക്കുവാൻ കുറച്ചു കടമ്പകൾ കടക്കണമെങ്കിലും വ്യത്യസ്തത ആഗ്രഹിക്കുന്നവർക്ക് കൊച്ചി മെട്രോ വെഡ്ഡിംഗ് ഫോട്ടോഗ്രാഫിയ്ക്കായി പരിഗണിക്കാവുന്നതാണ്.

5. ഇടുക്കി : ഇടുക്കി ജില്ലയെക്കുറിച്ച് കൂടുതലൊന്നും പറയേണ്ട കാര്യമില്ലലോ. ഇടുക്കിയിൽ എവിടേക്ക് ക്യാമറ തിരിച്ചാലും നല്ല തകർപ്പൻ ദൃശ്യങ്ങളായിരിക്കും ലഭിക്കുക. മലയും അരുവികളും ഡാമുകളും ഒക്കെ പകർത്തുവാൻ ആഗ്രഹിക്കുന്നവർക്ക് ധൈര്യമായി ഇടുക്കി തിരഞ്ഞെടുക്കാം. മൂന്നാർ, മാട്ടുപ്പെട്ടി ഡാം, കാന്തല്ലൂർ, വട്ടവട, തേക്കടി, രാമക്കൽമേട്, പാഞ്ചാലിമേട്, കുട്ടിക്കാനം തുടങ്ങിയ സ്ഥലങ്ങളൊക്കെയാണ് ഇടുക്കി ജില്ലയിൽ സാധാരണ വെഡ്ഡിംഗ് ഫോട്ടോഗ്രഫിക്കാർ തിരഞ്ഞെടുക്കാറുള്ളത്.

Related Posts

Previous Post Next Post

Leave a Reply

Your email address will not be published.