പോർക്ക് ഫ്രൈയ്യും ചപ്പാത്തിയും; നെക്സസ് കുശിനിയിലെ അഡാർ കോംബോ !!!

വിവരണം – ‎Vishnu A S Pragati‎.

സൂകരമാംസം അഥവാ പന്നിയിറച്ചി വിഭവങ്ങൾ കിട്ടുന്ന സ്ഥലങ്ങൾ തിരുവനന്തപുരത്തു സ്വതേ കുറവാണ്. എന്നാൽ ഇത്തരം വിഭവങ്ങൾ അന്വേഷിക്കുന്നവരുടെ എണ്ണവും തുലോം കുറവല്ല താനും. ആ ന്യൂനത നികത്താൻ കളത്തിലിറങ്ങിയിരിക്കുകയാണ് സുചിത്ര ചേച്ചിയുടെ കൈപ്പുണ്യത്തിൽ നെക്സസ് കിച്ചൻ….

അങ്ങനെ പോർക്ക് കഴിക്കണമെന്ന ആഗ്രഹം ഉള്ളിൽ മൊട്ടിട്ടപ്പോൾ ഞാൻ ഓടി ചെന്നത് നെക്സസ് കിച്ചന്റെ വടക്കേപ്പുറത്തായിരുന്നു. തലേ ദിവസമേ വിളിച്ചു ഓർഡർ കൊടുത്തിരുന്നതിനാൽ പറഞ്ഞ സമയത്തിന് പേട്ടയിലെ അവരുടെ വീട്ടിൽ പോയി സംഭവം വാങ്ങാൻ വല്യ കാലതാമസം നേരിട്ടില്ല. വൃത്തിയായി പാക്ക് ചെയ്ത വിഭവങ്ങൾ വീട്ടിലെത്തി തുറന്നപ്പോഴും ചൂട് ലവലേശം കുറഞ്ഞിട്ടില്ല. പോർക്ക് ഫ്രൈയ്യുടെ പൊത്തിയഴിച്ചപ്പോഴേക്കും കൊതിപ്പിക്കുന്നൊരു ഗന്ധം നാസാദ്വാരങ്ങളെ പുളകം കൊള്ളിച്ചു മുന്നേറാൻ തുടങ്ങി.

ക്ഷിപ്ര നേരം കൊണ്ട് ഒരു ചപ്പാത്തി വലിച്ചു കീറി അലുവ പരുവത്തിലുള്ള പന്നിയിറച്ചിയുടെ ഒരു കഷ്ണവും ഇച്ചിരിപ്പൂരം അരപ്പും കൂടിച്ചേർത്തൊരു പിടി പിടിച്ചു… എന്നിട്ട് കവിളിന്റെ രണ്ട് വശം കൊണ്ടും ചവച്ചരച്ചു കഴിക്കണം. അണപ്പല്ലിന്റെ താഡനം ഏറ്റു വാങ്ങി പരുവം പറ്റിയ പോർക്കിന്റെയൊരു അവസ്ഥ രുചിച്ചറിയണം.. പൊന്നു സഹോ !! അനുഭവിച്ചു തന്നെ അറിയേണ്ട അനുഭൂതി..അറജ്ജം പുറജ്ജം കിടുക്കാച്ചി.

തല്ലിച്ചതച്ച പിരിയൻ മുളകിന്റെ അരികളുടെയും വെളുത്തുള്ളിയുടെയും അലങ്കാരത്തോടൊപ്പം കൈപ്പുണ്യത്തിന്റെ ആ മസാലകൂട്ടും കൂടെ ചേർന്നപ്പോൾ ഒരു രക്ഷയില്ല.. പഞ്ഞി പരുവത്തിലുള്ള പന്നിയിറച്ചി കഷ്ണങ്ങളും മസാലയുടെ അരപ്പും(ഉള്ളി ഉപയോഗിച്ചിട്ടില്ല), ഇജ്ജാതി കോംബോ. ‘കരും കരുമെന്നുള്ള’ ആ അരപ്പൊക്കെ വേറെ ലെവൽ.എരിവും മറ്റു കിടുപിടികളുമെല്ലാം കുറിക്ക് വച്ചത് പോലെ.. ഒട്ടു കുറവല്ല എന്നാൽ കൂടുതലല്ല താനും…

വിദേശിയായാലും സ്വദേശിയായാലും Tang വെള്ളം കുടിക്കുന്നവരായാലും അവയുടെ കൂടെ നെക്സസിലെ പോർക്ക് ചിമിട്ടൻ സംഭവം തന്നെ. ഒട്ടും സംശയമില്ല. വിലവിവരം – പോർക്ക് ഫ്രൈ :- ₹.200/-, ചപ്പാത്തി :- ₹.10/-.

പിന്നീട് പരിചയപ്പെട്ടപ്പോഴാണ് അറിഞ്ഞത് എറണാകുളം സ്വദേശിയും എം.ബി.എ ബിരുദധാരിയുമായ സുചിത്ര ചേച്ചിയെ തിരുവനന്തപുറത്തെ ദന്ത ഡോക്ടറായ രഘുറാം ഗോപകുമാർ ചേട്ടൻ കുടിയിറക്കിക്കൊണ്ട് വന്നതാണെന്ന്. എന്തായാലും ആ തീരുമാനത്തിന് അഭിവാദ്യങ്ങൾ.

നെക്സസ് എന്ന വാക്കിന്റെ അർത്ഥം തന്നെ ‘ചങ്ങാത്തം’ എന്നാണ്. അതേ, ഭക്ഷണത്തിന്റെ പേരിൽ തുടങ്ങുന്ന പല ചങ്ങാത്തങ്ങളും ആയുഷ്ക്കാലം നിലനിൽക്കുന്നവയാണ്. (കഴിക്കുന്ന സമയത്ത് അങ്ങനെയല്ലെങ്കിലും !). അങ്ങനെ ലഭിച്ച ഒട്ടേറെ ചങ്ങാത്തങ്ങളുടെ കൂടെ ഇനി മുതൽ നെക്സസ് കിച്ചനും. ശെരിക്കും പേരു പോലെ തന്നെ നെക്സസ് ഭക്ഷണം കൊണ്ട് സൗഹൃദം സൃഷ്ടിക്കാൻ കേമൻ തന്നെ. ഒരിക്കൽ ട്രൈ ചെയ്തവരെ വീണ്ടും വീണ്ടും ആകർഷിക്കുന്നൊരു രുചിക്കൂട്ട് പല ഹോട്ടലുകൾക്കൊപ്പം സുചിത്ര ചേച്ചിക്കും സ്വന്തം, കൂടെ കട്ടയ്ക്ക് നിൽക്കുന്ന രഘുറാം ചേട്ടന്റെ പിന്തുണ കൂടെയാകുമ്പോൾ നെക്സസ് കൂടുതൽ സൗഹൃദങ്ങളിൽ രുചിമേളങ്ങൾ തീർക്കുമെന്ന് നിസ്സംശയം എഴുതിച്ചേർക്കാം.

ഓർഡർ ചെയ്യാൻ :- Dr. Reghuram Gopakumar, 09847340345, Nexuskitchen. എരിവ് കൂടുതൽ വേണം അങ്ങനെ മറ്റെന്തെങ്കിലും രുചിക്കൂട്ടുകളോട് മുൻഗണന ആവശ്യമുള്ളവർ ഓർഡർ ചെയ്യുമ്പോൾ തന്നെ അറിയിച്ചാൽ അത്തരത്തിൽ ചെയ്തു കിട്ടും. ലൊക്കേഷൻ :- https://maps.app.goo.gl/Gs2XrTdUiYodnkCu8 .

Related Posts

Previous Post Next Post

Leave a Reply

Your email address will not be published.