ഞങ്ങൾക്കെന്ത് ലോക്ക്ഡൗൺ? ഒരു വീട്ടമ്മയുടെ അനുഭവക്കുറിപ്പ്

എഴുത്ത് – ചാന്ദ്നി ഷാജു.

വീട്ടമ്മക്കെന്ത് ലോക്ക് ഡൌൺ! അതുകൊണ്ട് തന്നെ അനുഭവങ്ങൾ ഏറെയും അടുക്കളയുമായി ബന്ധപെട്ടതാവും. അടുക്കളയിൽ ഒരുപാട് പരീക്ഷണങ്ങൾ നടന്ന ഒരു കാലം ആയിരുന്നു കഴിഞ്ഞ 3 മാസങ്ങൾ. യൂട്യൂബിൽ കണ്ട പല വീഡിയോസും പരീക്ഷിച്ചു വിജയിച്ചു. പിസ്സ, പൊറോട്ട ഇവ രണ്ടും ഹോട്ടലിൽ നിന്നും അല്ലാതെ സ്വന്തമായി ഉണ്ടാക്കാൻ സാധിക്കും എന്നത് ചിന്തിച്ചിട്ടു പോലുമില്ലായിരുന്നു. ഉണ്ടാക്കി. ഒന്നല്ല പലതവണ…

ഉണ്ടാക്കി നോക്കണം എന്ന് വിചാരിച്ചു മടി പിടിച്ചു മാറ്റി വക്കപ്പെട്ടവ, ഓരോന്ന് ഓരോന്നായി ചെയ്തു. ചക്ക വറുത്തത്, വട, ട്രെൻഡിങ് ആയ ഡൽഗോനാ കോഫി, ഐസ്ക്രീം,ക്യാരറ്റ് ഹൽവ, അരിയുണ്ട, അച്ചപ്പം എന്റെ സ്ഥിരം ഐറ്റം ആയ പലതരത്തിലുള്ള കേക്ക്സ്….അങ്ങനെ അങ്ങനെ….

എന്നാൽ മൈസൂർ പാക്ക്, ബ്രെഡ്, മുട്ട ബജി എന്നിവ ഉണ്ടാക്കിയത് വഴി, ‘വിജയിക്കുന്നവരുടെത് മാത്രമല്ല പരാജയപ്പെടുന്നവരുടെതു കൂടിയാണീ ലോകം’ എന്നും ഞാൻ തിരിച്ചറിഞ്ഞു. സ്ഥിരം പാചകത്തിനു പുറമെയാണ് ഈ പരീക്ഷണങ്ങൾ. എങ്കിൽ പോലും അവധികാലം ആയത് കൊണ്ട് തന്നെ കൂൾ ആയിരുന്നു.

എന്നാൽ എനിക്ക് ഏറ്റവും ഉപകാരപെട്ടത് എന്താന്നോ, തറവാട്ടിൽ നിന്നും മാറി താമസിച്ചു 9 വർഷം ആയിട്ടും ചപ്പാത്തി ഉണ്ടാക്കൽ മാത്രം എനിക്കിതുവരെ വഴങ്ങിയിട്ടില്ല. എപ്പോഴും ഉണ്ടാക്കി കഴിഞ്ഞു കുറച്ചു കഴിയുമ്പോഴേക്കും ഭയങ്കര കട്ടി ആവും. ഉണ്ടാക്കിയിട്ട് ശരിയാവുന്നുമില്ല പിന്നെ മടിയും കൂടി ആയപ്പോൾ, ജയിൽ ചപ്പാത്തി ആയി ശരണം. 20 rs കൊടുത്താൽ ചപ്പാത്തി കിട്ടും എന്നിരിക്കെ എന്തിനു കഷ്ടപ്പെടണം? ജയിൽ ചപ്പാത്തി ഏട്ടന് ഇഷ്ടമില്ലെന്നറിഞീട്ടു കൂടി ഞാൻ മനഃപൂർവം കണ്ണടച്ചു. എന്നാൽ പൊറോട്ടയും പിസ്സ യും ഉണ്ടാക്കിയതോടു കൂടി ചപ്പാത്തി ഉണ്ടാക്കാം എന്ന ധൈര്യം ആയി. ഉണ്ടാക്കി നോക്കി. സൂപ്പർ ആയി വന്നു. പലതവണ ഉണ്ടാക്കി നോക്കി. ഒരുപാട് സന്തോഷമായി.

ലോക്ക് ഡൌൺ കാലം എന്റെ യാത്ര മോഹങ്ങൾക്കു പൂട്ടു വീണത് ശരിക്കും എന്നെ വിഷമിപ്പിച്ചു. വെക്കേഷന് ട്രിപ്പ്‌ മുടങ്ങിയതൊ പോട്ടെ, തൃശൂർ വരെ പോവാൻ പോലും പറ്റില്ല എന്നത് ശരിക്കും ശ്വാസം മുട്ടിച്ചു. പ്രത്യേകിച്ചു ഒന്നുമില്ലെങ്കിലും, ചുമ്മാ രാത്രിയിൽ ബൈക്കിൽ കറങ്ങാൻ പോകാൻ ഞങ്ങൾക്ക് ഒരുപാടിഷ്ടം ആണ്. വടക്കും നാഥന്റെ മുമ്പിൽ പോയി ചുമ്മാ ഒന്നിരിക്കാൻ കൊതി ആയി. എന്തായാലും ഇതു നേരിട്ടേ പറ്റു എന്നുള്ളതു കൊണ്ട് മനസ്സിനെ പിടിച്ചു നിർത്താൻ ശ്രമിച്ചു കൊണ്ടേ ഇരുന്നു.

മുകളിലോട്ടു ഉള്ള ഗോവണി പുറത്തായതു കൊണ്ട് അങ്ങനെ എപ്പോഴും ഒന്നും ടെറസിൽ പോവാറില്ല എന്നാൽ, വീട്ടിൽ പൊടിപിടിച്ചു കിടന്നിരുന്ന ഒരു ഹാംകോക്കിന് ജീവൻ വക്കാൻ ലോക്ക് ഡൌൺ വേണ്ടി വന്നു. ടെറസിൽ മോൾക്ക്‌ ഒരു ഹാംക്കോക് കെട്ടികൊടുത്തു. മോനു ഒരു ഊഞ്ഞാലും. എന്നും വൈകുന്നേരങ്ങൾ ഞങ്ങളുടെ ഒത്തുകൂടലിന് വേദി ആയത് ഇത്ര കാലം തിരിഞ്ഞു നോക്കാതിരുന്ന ടെറസാണ്.

സായംസന്ധ്യയിലെ അസ്തമയ സൂര്യനെ കാണാൻ ബീച്ചിൽ പോവേണ്ട ആവശ്യം ഇല്ലെന്നു മനസിലാക്കി തന്നതും ടെറസിന്റെ മുകളിലെ ഒത്തുകൂടലുകൾക്കിടയിലെ ആകാശ കാഴ്ച്ച ആയിരുന്നു. സൂര്യൻ യാത്ര ചൊല്ലുന്ന ആ നിമിഷം കഴിഞ്ഞാലും ഒരുപാട് നേരം ഞങ്ങളവിടെ ഭാവി വർത്തമാനങ്ങളുമായ് കഴിഞ്ഞു. കാരംസും, ചീട്ടുകളിയും, പാമ്പും കോണിയും, കവിടി കളിയും ആയി മക്കളുടെ കൂടെ ചേരുമ്പോൾ, ഞാൻ വീണ്ടും എന്റെ കുട്ടികാലത്തെക്ക് പോവുകയായിരുന്നു. പഴയ ഓർമ്മകൾ അയവിറക്കി അതൊക്ക മക്കളോട് പറയുമ്പോൾ എന്ത് സന്തോഷം ആണെന്നോ.

സ്കൂൾ അടക്കുന്നതിനു മുന്നേ രാവിലെ മൂന്നും നാലും അലാറം അടിക്കാൻ വെക്കുമായിരുന്നു. 7:30 ക്ക് ഓട്ടോ വരുന്നതിനു മുന്നേ ഉള്ള ഓട്ടപാച്ചിലിനെ പേടിക്കാതെ സുഖമായുറങ്ങി. കൊറോണ കാലം ആയത് കാരണം രാവിലെ തന്നെ ആരും വന്നു ബെൽ അടിക്കില്ലല്ലോ. എന്നാൽ പോലും സ്കൂൾ ഉള്ള ദിവസങ്ങളിൽ നേരത്തെ എണീറ്റ് ആദ്യത്തെ അലാറം ഓഫ്‌ ചെയ്തു, രണ്ടും മൂന്നും അലാറം ഓഫ്‌ ചെയ്തു കിടക്കയിൽ നിന്നും എഴുന്നേൽക്കാൻ കൂട്ടാക്കാതെ മടി പിടിച്ചു വീണ്ടും കിടക്കുമ്പോഴുള്ള സുഖം ഒരിക്കൽ പോലും ഈ ദിവസങ്ങളിൽ കിട്ടാറില്ല. പലപ്പോഴും ഞാൻ ആലോചിക്കാറുണ്ട് എന്താ അങ്ങനെ എന്നു.

സത്യം പറയാലോ, അലമാരയിൽ ഇരിക്കുന്ന ഡ്രസ്സ്‌ ഒക്കെ ഏതാണെന്നു പോലും ഓർമയില്ല ഇപ്പോൾ. എന്റെ മോനാണെങ്കിൽ ഡ്രസ്സ്‌ നോടു ഇത്തിരി കമ്പമുള്ള കൂട്ടത്തിലാണ്. 10 വയസിനു താഴെ ആയത് കൊണ്ട് പുറത്തിറങ്ങാൻ ഒരു വഴിയുമില്ല. മോഹം സഹിക്കവയ്യാതായപ്പോൾ അവൻ ചുമ്മാ ഷർട്ടും ജീൻസും ഇട്ടു ടീവിയിലെ പാട്ടിനോടൊത്ത്‌ ഡാൻസ് കളിച്ചു തുടങ്ങി. എന്നാൽ പോലും അനാവശ്യ വാശികൾ കൊണ്ടെന്നെ അവൻ വീർപ്പു മുട്ടിച്ചു. കുട്ടികൾക്ക് മാനസികവും ശാരീരികവും ആയ വളർച്ചക്ക് പുറം ലോകവുമായുള്ള സഹവാസം കൂടിയേ തീരു.

സാധാരണ മക്കളുടെ പിറന്നാളിനു അവർക്കിഷ്ടമുള്ള കറികൾ മാത്രമാണ് വക്കാറുള്ളത്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി മോളുടെ പിറന്നാളിനു ഒരു സദ്യ തന്നെ ഉണ്ടാക്കി. സാമ്പാറും, അവിയലും, കൂട്ടുകറിയും, തോരനും, അച്ചാറും, പപ്പടവും, പായസവും കൂടാതെ പിറന്നാളിനുള്ള കേക്കും ഞാൻ തന്നെ ഉണ്ടാക്കി. ജീരകവും പെരുംജീരകവും തമ്മിലുള്ള വ്യത്യാസം പോലും അറിയാതെ 16 വർഷം മുന്നേ ഈ വീട്ടിലേക്കു കയറി വന്ന ‘ഞാനിൽ’ നിന്നും ഇന്നത്തെ ‘എന്നിലേക്ക്’ ഉള്ള മാറ്റം എന്നെ തികച്ചും അത്ഭുതപ്പെടുത്തി. ഒരു സദ്യ ഒക്കെ ഇനി എന്നാണ് കഴിക്കാൻ സാധ്യമാവുക? ഈ കെട്ട കാലം നീങ്ങി നല്ല കാലം എത്രയും വേഗം സമാഗതമാവുമെന്ന ശുഭ പ്രതീക്ഷയോടെ..

Related Posts

Previous Post Next Post

Leave a Reply

Your email address will not be published. Required fields are marked *