രാജസ്ഥാനിലെ എലികൾക്കായുള്ള ക്ഷേത്രം – കർണിമാതാ മന്ദിർ

വിവരണം – രേഷ്മ അന്ന സെബാസ്റ്റ്യൻ.

കാഴ്ചയിലും കാഴ്ചപ്പാടുകളിലും വ്യത്യസ്തമായിരിക്കുന്നത് പോലെ ആചാരാനുഷ്ഠാനങ്ങളിലും വ്യത്യസ്തത പുലർത്തുന്ന ഒരു സമൂഹമാണ് നമ്മുടേത്. ഇത്തരത്തിൽ വേറിട്ടു നിൽക്കുന്ന ഒരു ക്ഷേത്രമാണ് രാജസ്ഥാനിലെ എലികൾക്കായുള്ള ക്ഷേത്രം. 20000 ൽ അധികം വരുന്ന മൂഷികന്മാർ, ഈ ക്ഷേത്രത്തിൽ സ്വര്യവിഹാരം നടത്തുന്നു. ഇവയിൽ ചിലത് വെളുത്തനിറത്തിലും കാണപ്പെടുന്നു.

രാജസ്ഥാനിലെ ബിക്കാനെറിനടുത്തുള്ള ദെഷ്നോക്കിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ദുർഗാദേവിയുടെ അവതാരമായ കർണിമാതയ്ക്ക് സമർപ്പിച്ചിരിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബിക്കാനെർ മഹാരാജാവ് ഗംഗാസിംഗ്, മുഗൾ സ്റ്റൈലിൽ നിർമിച്ചതാണ് ഈ ക്ഷേത്രം. എലികളുടെ ക്ഷേത്രം (temple of rats) എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. ഇതിനു പിന്നിൽ പല ഐതിഹ്യങ്ങളുമുണ്ട്.

കർണിമാതയുടെ വളർത്തു പുത്രനായ ലക്ഷ്മണൻ, കൊലയാറ്റ് ലെ കപിൽ സരോവറിൽ നിന്നും വെള്ളം കുടിക്കാൻ ശ്രമിച്ചപ്പോൾ മുങ്ങിപ്പോവുകയും, കർണിമാതാ മരണത്തിന്റെ ദേവനോട് ലക്ഷ്മണിന്റെ ജീവനുവേണ്ടി പ്രാർത്ഥിച്ചപ്പോൾ, ആദ്യം അവഗണിച്ചുവെങ്കിലും അനുകമ്പ തോന്നി, കർണിമാതയുടെ എല്ലാ ആണ്മക്കളും എലികളായി പുനർജനിക്കും എന്ന് അനുഗ്രഹിക്കുകയും ചെയ്തുവെന്നാണ് ഐതിഹ്യം. ചില നാടോടിക്കഥകൾ അനുസരിച്ച്, ഇരുപതിനായിരത്തോളം വരുന്ന പട്ടാളക്കാർ യുദ്ധം ഉപേക്ഷിച്ച് ദെഷ്നോക്കിൽ എത്തുകയും, അവരുടെ പാപത്തിന്റെ ഫലമായി മരണശിക്ഷയ്ക്ക് വിട്ടുകൊടുക്കാതെ അവരെ എലികളാക്കി മാറ്റിക്കൊണ്ട്, ദേവിയെ സേവിച്ച് ക്ഷേത്രത്തിൽ കഴിയാൻ അവസരം കൊടുക്കുകയും ചെയ്തു.

രാവിലെ 4 മണിക്ക് ജനങ്ങൾക്കായി ക്ഷേത്രം തുറന്നു കൊടുക്കുന്നു. ക്ഷേത്രത്തിനുള്ളിൽ വിഹരിക്കുന്ന എലികൾ “കബ്ബാസ്” എന്നാണ് അറിയപ്പെടുന്നത്. ഇവയിൽ ചുരുക്കം വെളുത്ത എലികളും ഉണ്ട്. വെളുത്ത എലികളെ കാർണിമാതയുടെയും അവരുടെ നാല് മക്കളുടെയും പ്രതീകമായാണ് കാണുന്നത്. ഇവയെ കാണുകയോ, ഇവ പാദങ്ങളിൽ സ്പർശിക്കുകയോ ചെയ്താൽ പ്രത്യേകമായ അനുഗ്രഹമായാണ് കണക്കാക്കുന്നത്.

ക്ഷേത്രത്തിൽ എലികൾക്കായി മധുരപലഹാരങ്ങളും പാലും നൽകുന്നത് ഉന്നത ബഹുമതിയായാണ് കണക്കാക്കപ്പെടുന്നത്. ഏതെങ്കിലും എലി കൊല്ലപ്പെട്ടാൽ പകരം വെള്ളികൊണ്ട് ഒരു എലിയെ നിർമ്മിച്ച് നൽകണം. ഈ എലികളോട് ഭക്തർ വഴിപാട് നടത്താറുണ്ട്. രണ്ട്‌ തരം വഴിപാടാണ് ഉള്ളത്. ദ്വാർ ഭെന്റ് (dwar bhent) എന്ന വഴിപാട് പുരോഹിതന്മാർക്കും ജോലിക്കാർക്കും വേണ്ടിയും, കലാഷ് ഭെൻ (kalash bhen) ക്ഷേത്രത്തിന്റെ പുരോഗമനത്തിനുമായി ഉപയോഗിക്കുന്നു.

മാർബിൾ ഫലകങ്ങളാൽ മനോഹരമായി നിർമ്മിച്ചിരിക്കുന്ന ക്ഷേത്രത്തിന്റെ വാതിൽ വെള്ളിയിൽ തീർത്തതാണ്. 1999 ൽ കുണ്ഡലാൽ വർമ്മ ക്ഷേത്രം പുതുക്കി പണിതപ്പോൾ നിർമ്മിച്ചതാണ് ഈ വാതിൽ. വർഷത്തിൽ രണ്ട് തവണയാണ് ഇവിടെ ക്ഷേത്രമേള നടക്കുന്നത്. മാർച്ച്‌ – ഏപ്രിലിൽ ആദ്യത്തേതും സെപ്റ്റംബർ – ഒക്ടോബറിൽ രണ്ടാമത്തേതും. 2016 ൽ മോർഗൻ സ്പാർലോക്ക് (morgan sparlock) ഈ ക്ഷേത്രത്തെക്കുറിച്ച് റാറ്റ്സ് (rats) എന്ന ഒരു ഡോക്യുമെന്ററി ചെയ്തിട്ടുണ്ട്. ദി അമേരിക്കൻ റേസ് എന്ന അമേരിക്കൻ റിയാലിറ്റി ഷോയുടെ ഫസ്റ്റ് സീരീസിലും ഈ ക്ഷേത്രം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Related Posts

Previous Post Next Post

Leave a Reply

Your email address will not be published. Required fields are marked *