ഗുരുവായൂർ പപ്പടം ഉണ്ടാക്കുന്നത് ശരിക്കും ഗുരുവായൂരിലല്ല; പിന്നെ?

എഴുത്ത് – സനിൽ വിൻസൻറ്.

മലയാളിക്ക് സദ്യക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണല്ലോ പപ്പടം. പപ്പടമില്ലാത്ത സദ്യ മലയാളിക്ക് മാവേലിയില്ലാത്ത ഓണം പോല്ലെയാണല്ലോ. പപ്പടത്തിൻ്റെ പ്രശസ്‌തി അത്രക്കുമാണ്. എന്നാൽ ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് ഒരു ബ്രാൻഡഡ് പപ്പടമാണ്. രുചിയുടെ കാര്യത്തിൽ കേരളത്തിൻ്റെ അങ്ങോളം ഇങ്ങോളമുള്ള എല്ലാവരും മേനി പറയുന്ന ഒരിനമാണ് ഗുരുവായൂർ പപ്പടം.

ഗുരുവായൂർ അമ്പലം പ്രസിദ്ധമാണല്ലോ അതുപോലെ തന്നെയാണ് ഗുരുവായൂർ പപ്പടവും. ഗുരുവായൂർ അമ്പലനടയിൽ ചെന്നാൽ മിക്കവാറും എല്ലാ കടകളിലും ഗുരുവായൂർ പപ്പടം സുലഭമാണ്. ഗുരുവായൂരിൽ വന്നു പോകുന്ന ഭക്തരിൽ മിക്കവരും ഗുരുവായൂർ പപ്പടമായാണ് മടക്കം. എന്നാൽ പേരു സൂചിപ്പിക്കും പോലെ ഗുരുവായൂർ പപ്പടം നിർമ്മിക്കുന്നത് ഗുരുവായൂരിലല്ല. തൃശൂർ ജില്ലയിലെ എളവള്ളി പഞ്ചായത്തിലെ ചിറ്റാട്ടുകരയിലാണ് ഈ പപ്പടത്തിൻ്റെ ഉത്ഭവം.

ചിറ്റാട്ടുകരയിലെ ഒരു പറ്റം കുടുംബങ്ങൾ നടത്തുന്ന കുടിൽ വ്യവസായമാണിത്. ഇവിടുതെ നൂറുകണക്കിന് തൊഴിലാളികളുടെ കൈപുണ്യമാണ് ഈ പ്രശസ്തിക്കുകാരണം. ഇവിടെ ജോലി ചെയുന്നവരുടെ ഇടയിൽ തൊഴിലാളിയെന്നോ മുതലാളിയെന്നോ വ്യത്യാസമില്ല ഈ കൂട്ടായ സഹകരണം തന്നെയാണ് ഇന്നും ഈ പ്രശ്സ്തിക്കു കാരണം.

കേരളത്തിൽ ഒട്ടേറെ സ്ഥലങ്ങളിൽ പപ്പട നിർമ്മാണ കേന്ദ്രങ്ങളുണ്ട്. എന്നാൽ ചിറ്റാട്ടുകരയിൽ നിർമ്മിക്കുന്ന ഈ പപ്പടത്തെ വെല്ലുന്ന മറ്റൊരു പപ്പടമില്ലെന്ന് ഉപയോഗിക്കുന്നവർ പറയുന്നത്. ഓണം, വിഷു, റംസാൻ, ബക്രീദ് എന്നീ വിശേഷവസരത്തിലാണ് പപ്പട നിർമ്മാണം കൂടുതലായി നടക്കുക. ചിങ്ങം പിറന്നാൽ പല സഥലങ്ങളിൽ നിന്നും പപ്പടത്തിൻ്റെ ഓർഡർ നൽക്കാൻ ഈ അവസരങ്ങളിൽ ആളുകൾ ചിറ്റാട്ടുകരയിൽ എത്താറുണ്ട് പലരും ആഴ്ചയ്ക്കു മുൻപെ ഗുരുവായൂരിൽ എത്താറുണ്ട്. വൈക്കം, ഏറ്റുമാനൂർ, കൊല്ലം, ചെങ്ങനൂർ, പെരിന്തൽമണ്ണ, പട്ടാമ്പി, ഒറ്റപ്പാലം, തുടങ്ങിയ സ്ഥലങ്ങളിൽ നിന്നായിരിക്കും ഭൂരിഭാഗം പേരും. പപ്പടം കിട്ടുമെന്ന് ഉറപ്പു വരുത്താൻ മുൻകൂർ പണം നല്കി ഗുരുവായൂരിൽ തമ്പടിക്കുകയും ചെയ്യും.

ഓണമടുത്താൽ പപ്പടയൂണിറ്റിന് വിശ്രമമില്ല. സ്ത്രീകളും കുട്ടികളും വരെ കാണും പപ്പട നിർമ്മാണ യൂണിറ്റിൽ. ഈ സമയത്ത് വെയിൽ ഉണ്ടായാലാണ് പപ്പടം നല്ല രീതിയിൽ ഉണക്കാൻ സാധിക്കുകയുള്ളൂ. നല്ല രീതിയിൽ ഉണക്കിയിൽ മാത്രമേ പപ്പടതിന് രുചിയുണ്ടാക്കുകയുള്ളൂ. ഇനി മാനം കറുത്താല്ലോ കൂട്ടിൽ ചിരട്ട കത്തിച്ച് ഉണക്കിയെടുക്കേണ്ടിവരും.

ഓണക്കാലത്ത് ആവശ്യത്തിന് പപ്പടം നിർമ്മിച്ച് എടുക്കുക പ്രയാസമാണ്. എത്രമാത്രം സമയം ഇതിന് മാറ്റി വെച്ചാലും ഓർഡർ പ്രകാരം പപ്പടം നർമ്മിച്ച് നൽകാൻ നിർമ്മിതാക്കൾക്ക്‌ സാധിക്കാറില്ല. എന്നാൽ ചില കച്ചവടക്കാർ പപ്പട കെട്ടിൽ മറ്റു പപ്പടങ്ങൾ കലർത്തി വെച്ച് വിൽക്കാറുണ്ടത്രെ. ഇന്ന് പല പ്രമുഖ കമ്പനികളും ഗുരുവായൂർ പപ്പടം എന്ന പേരിൽ പപ്പടം വിപണിയിൽ എത്തിക്കുന്നുണ്ടങ്കിലും ചിറ്റാട്ടുകര പപ്പടത്തിൻ്റെ തനതായ രുചി കിട്ടുന്നില്ലെന്ന് ഉപയോഗിക്കുന്നവർ പറയുന്നു.

ചെറിയ നാണയത്തുട്ടിന്റെ വലിപ്പമുള്ള കുഞ്ഞൻ പപ്പടം മുതൽ വലിയ വട്ടയിലയുടെ വലിപ്പം വരെയുള്ള പപ്പടം ഇവിടെ ഉണ്ടാക്കുന്നുണ്ട്. ഇനി പപ്പട നിർമ്മാണത്തിൻ്റെ കൂട്ടുകൾ നോക്കാം. ഉഴുന്നുമാവാണ് പപ്പട നിർമ്മാണത്തിൻ്റെ പ്രധാന ഘടകം. ഉപ്പ്, കടല, പപ്പടകാരം എന്നിവയും ഉൾപ്പെടുത്തുന്നു. കൂടാതെ രുചി കൂട്ടാനും ഒട്ടിപ്പിടിക്കാതിരിക്കാനുംവേണ്ടി കപ്പപൊടിയും (മരച്ചീനി), അരിപ്പൊടിയും ചേർക്കുന്നു. ഇതിനു പുറമേ ചിറ്റാട്ടുകരയുടെ രുചി പാരമ്പര്യങ്ങളും ചേർന്നാൽ ചിറ്റാട്ടുകരയുടെ ഗുരുവായൂർ പപ്പടം റെഡി.

ഇന്ന് കാലങ്ങളിൽ യന്ത്രത്തിൻ്റെ സഹായത്താൽ ഇടിച്ചു വെക്കുന്ന പപ്പടമാണ് മിക്കവാറും സ്ഥലങ്ങളിൽ കാണാൻ കഴിയുക. എന്നാൽ ഏകദേശം ആറു ദിവസം മാത്രമേ ഇത് കേടുകൂടാതെ ഇരിക്കുകയുള്ളൂ എന്നാൽ കൈ കൊണ്ട് ഇടിച്ച് ഉണ്ടാക്കുന്ന പപ്പടമാക്കട്ടെ രണ്ടാഴ്ച്ച കേടു കൂടാതെ ഇരിക്കും. ചിറ്റാട്ടുകരയിൽ കൈ കൊണ്ട് ഇടിച്ചാണ് പപ്പടം ഉണ്ടാക്കുന്നത്. പൂർണ്ണമായും മനുഷ്യ പ്രയതനമാണ് ഈ പപ്പടത്തിൻ്റെ തനത് രുചി.

ഒരു കാലത്ത് വിദേശത്ത് പോകുന്നവർ ചിറ്റാട്ടുകരയിൽ വന്ന് പപ്പടം കൊണ്ടു പോകുന്നത് സഥിരം കാഴ്ച്ചയായിരുന്നു.ഇന്ന് വിദേശത്തും ഗുരുവായൂർ പപ്പടം സുലഭമാണ്. IRDP ഓണം മേളയിലും ചിറ്റാട്ടുകരയുടെ ഗുരുവായൂർ പപ്പടം വൻ വിപണനമാണ് നേടാറുള്ളത്. ഓണം അടുത്താൽ സദ്യക്ക് മനസ്സിൽ ഓടിയെത്തുന്നത് പുഴുകിയ നല്ല നാടൻ നേന്ത്രപ്പഴവും, പോളയുള്ള നല്ല ഗുരുവായൂർ പപ്പടവുമാണ്.

Related Posts

Previous Post Next Post

Leave a Reply

Your email address will not be published. Required fields are marked *