പ്രവാസികളുടെ വിഷമങ്ങളും വികാരങ്ങളും നമ്മൾ മനസ്സിലാക്കാറുണ്ടോ?

വേർപാടുകൾക്കും ഒത്തുചേരലുകൾക്കും ദിവസേന പലതവണ വേദിയാകുന്ന ഒരിടമാണ് എയർപോർട്ടുകൾ. ഡിപ്പാർച്ചറിൽ സങ്കടമായും അറൈവലിൽ സന്തോഷമായും കണ്ണുനീർ രൂപാന്തരം പ്രാപിക്കുന്ന ഒരിടം. എന്നെങ്കിലും വിമാനത്താവളങ്ങളിൽ പോകേണ്ട അവസ്ഥയുണ്ടാകുകയാണെങ്കിൽ സമയം ഉണ്ടെങ്കിൽ നിങ്ങൾ കുറച്ചു സമയം അവിടെ ടെർമിനലിനു മുന്നിലായി ചെലവഴിച്ചു നോക്കൂ. ജാതിമതഭേദമന്യേ, പണക്കാരൻ, പാവപ്പെട്ടവൻ എന്നിങ്ങനെയൊന്നുമില്ലാതെ വികാരങ്ങൾ മനസ്സിൽ നിന്നും പുറത്തേക്ക് അറിയാതെ വരുന്ന ചില കാഴ്ചകൾ കാണാം. ഓരോരോ ജീവിതങ്ങൾക്കും ഓരോരോ അർത്ഥങ്ങളും കടമകളും ഉണ്ടെന്നു നമ്മളെ ഓർമ്മിപ്പിക്കുന്ന ചില കാഴ്ചകൾ.

ലീവ് കഴിഞ്ഞു പോകുന്ന പ്രവാസികളുടെ ഉള്ളു തകരുന്ന കാഴ്ചയാണ് ഡിപ്പാർച്ചർ ഗേറ്റിനരികിൽ കാണാനാകുക. ഒന്നോ രണ്ടോ വർഷത്തെ കാത്തിരിപ്പിനു ശേഷം നാട്ടിലെത്തി കുടുംബക്കാരോടും കുട്ടികളോടും കൂട്ടുകാരോടുമെല്ലാം ചെലവഴിച്ചു മതിവരാതെ ലീവ് തീരുമ്പോൾ തിരികെ പോകുന്ന പ്രവാസിയ്ക്ക് ഇനിയും കാത്തിരിക്കേണ്ടി വരും വീണ്ടും ഇതേപോലെ ഒന്നോ രണ്ടോ വർഷങ്ങൾ. അതിനിടയിൽ എന്തെല്ലാം മാറ്റങ്ങൾ നാട്ടിലും വീട്ടിലും സംഭവിക്കും. എത്രയോ മരണങ്ങൾ, എത്രയോ ജനനങ്ങൾ, അങ്ങനെ എത്രയെത്ര കാര്യങ്ങൾ. ഇതെല്ലാം കേവലമൊരു ഫോൺ കോളിലൂടെയും, കൂടി വന്നാൽ വീഡിയോ കോളിലൂടെയും മാത്രം അറിയുവാൻ വിധിക്കപ്പെട്ടവർ.

വിവാഹത്തിനായി ഒരു മാസത്തെ ലീവിനു വന്നിട്ട് വിവാഹവും കഴിഞ്ഞു വിരുന്നുകളൊക്കെയും കഴിയുമ്പോഴേക്കും പ്രവാസികളിൽ പലർക്കും തിരികെ പോകാനുള്ള ദിവസമായിട്ടുണ്ടാകും. ജീവിച്ചു തുടങ്ങും മുൻപേ, കണ്ടു കൊതിതീരും മുൻപേ പ്രിയപ്പെട്ടവളെ കുറേ നാളത്തേക്ക് പിരിഞ്ഞു നിൽക്കുകയാകും പിന്നീടുള്ള വിധി.

ഇത്തരമൊരു മാനസികാവസ്ഥയിൽ യാത്ര പറഞ്ഞുകൊണ്ട് ഡിപ്പാർച്ചറിലേക്ക് പോകുന്നവരുടെയും ഡിപ്പാർച്ചർ ഗേറ്റിനപ്പുറത്ത് പ്രിയപ്പെട്ടവർ നടന്നകലുന്നത് വേദനയോടെ നോക്കിനിൽക്കുന്നവരുടെയും കണ്ണീരുകൾക്ക് ഒരേ വിഷമമായിരിക്കും ഉണ്ടാകുക.

ഇനി അറൈവൽ ഗേറ്റിനരികിലേക്ക് വന്നാൽ അൽപ്പം ആശ്വാസകരമായ ദൃശ്യങ്ങളായിരിക്കും കാണുക. വർഷങ്ങൾക്കു ശേഷം നാട്ടിലെത്തുന്നവരെ കാണുമ്പോൾ പ്രിയപ്പെട്ടവർക്കുണ്ടാകുന്ന വികാരങ്ങൾ അതേപടി തന്നെ വിമാനമിറങ്ങി അറൈവൽ ഗേറ്റും കടന്നു വരുന്ന പ്രവാസികൾക്കും ഉണ്ടാകും.

ജനിച്ചിട്ട് ഇതേവരെ നേരിൽക്കാണാത്ത തൻ്റെ കുഞ്ഞിനെ എടുത്ത് ആദ്യമായി മുത്തം കൊടുക്കുന്ന അച്ഛനെ, വിവാഹം കഴിഞ്ഞയുടനെ ലീവ് തീർന്നു പോകേണ്ടി വന്നിട്ട് ഒന്നോ രണ്ടോ വർഷങ്ങൾക്ക് ശേഷം വരുന്ന ഭർത്താവിനെ, പ്രിയപ്പെട്ടവരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബന്ധുക്കളെ, ലീവിനു വരുന്ന സുഹൃത്തിന്റെ ലഗേജിൽ കുപ്പിയുണ്ടാകുമോ എന്നോർത്ത് ത്രില്ലടിച്ചിരിക്കുന്ന കൂട്ടുകാരെ, അങ്ങനെ പലതരത്തിലുള്ള വികാരങ്ങൾ അവിടെ നേരിട്ടു കാണാം.

ജീവിതമെന്ന പാലത്തെ രണ്ടു കരയിലും കൂട്ടിമുട്ടിക്കുവാനായി തൻ്റെ പ്രിയപ്പെട്ടവരെയും നാടിനേയും പിരിഞ്ഞു അന്യനാടുകളിൽപ്പോയി പണിയെടുക്കുന്ന എല്ലാ പ്രവാസികൾക്കും ഈ ലേഖനം സമർപ്പിക്കുന്നു.

Related Posts

Previous Post Next Post

Leave a Reply

Your email address will not be published. Required fields are marked *