ചുട്ട മീൻ & പൊരിച്ച മീൻ; മീൻ പ്രിയർക്കായി ഒരു കിടിലൻ റെസ്റ്റോറന്റ്

എഴുത്ത് – Praveen Shanmukom (ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ).

മീൻ പ്രിയരേ ഇങ്ങോട്ട്. നല്ല ഫ്രഷ് മീൻ നമ്മുടെ മുന്നിൽ ലൈവായി ഗ്രില്ല് ചെയ്തും പൊരിച്ചും കിട്ടും. റെഡ് ഹാമൂർ മീൻ ഗ്രില്ല് ചെയ്തത് കഴിച്ച് തന്നെ അറിയണം. അപാരമെന്ന് വച്ചാൽ കിണ്ണം ടേസ്റ്റ്. ഷാഫി മീൻ പൊരിച്ചതും കലക്കി. അതിലെ പൊടിയും എല്ലാം കൊണ്ടും പറയണ്ട, പൊളിച്ചടുക്കി. മീൻ പ്രിയരെങ്കിൽ ഒരിക്കൽ എങ്കിലും ഇവ കഴിച്ചിരിക്കണം എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.

പച്ച മീൻ നമ്മുടെ മുന്നിൽ കൊണ്ട് വന്ന് കാണിച്ച് ഇഷ്ടമനുസരിച്ചാണ് ഗ്രില്ല് ചെയ്തും പൊരിച്ചും തരുന്നത്. വില കുറഞ്ഞതും കൂടിയതും ഉണ്ട്. മീനിന്റെ ഇനവും വലിപ്പവും അനുസരിച്ച് വില മാറും. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം അവിടെ ചെന്ന് കാത്ത് നില്ക്കാൻ ബുദ്ധിമുട്ടുള്ളവർ മുൻകൂട്ടി ഓർഡർ ചെയ്ത് പോയി വാങ്ങിക്കുകയോ, സ്വഗ്ഗി , സ്വമാറ്റോ വഴി വാങ്ങിക്കുകയോ ആയിരിക്കും നല്ലത്. വലിപ്പമനുസ്സരിച്ച് ഗ്രില്ല് ചെയ്ത് എടുക്കാൻ അര മണിക്കുർ വരെ ആകാം. കല്ലുമ്മക്കായ, ചൂരമീൻ കറിയൊക്കെ നേർത്തെ തയ്യാറാക്കി വച്ചിരിക്കുന്നത് കണ്ട് അതും വാങ്ങി. കല്ലുമ്മക്കായ ഓരോ കഷ്ണവും ആസ്വാദ്യകരം. ചൂര മീൻകറിയും പൊളി. ചുരുക്കി പറഞ്ഞാൽ കുറ്റം പറയാൻ ഒന്നുമില്ല.

അടുത്ത പ്രാവശ്യം ചെന്നപ്പോൾ വാങ്ങിച്ചത് ടൈഗർ കൊഞ്ച് പൊരിച്ചതും പത്തിരിയുമായിരുന്നു. സാധാരണ കാണുന്ന ടൈഗർ കൊഞ്ചിനെക്കാൾ വലിപ്പമുള്ളതാണ് വാങ്ങിയത്. വില വലിപ്പം അനുസരിച്ചും അപ്പോഴത്തെ മാർക്കറ്റ് റേറ്റ് അനുസരിച്ചും മാറാം. കൊഞ്ചിന്റെ കൂടെ കിട്ടുന്ന പൊടി, ഒരു ഒന്നന്നര പൊടിയാണ്. നല്ല എരിവാണ് പൊടിക്ക്. വായിൽ വെള്ളമൂറും ഇപ്പോഴും ആലോചിച്ചാൽ. കൊഞ്ചും അതിലെ പൊടിയും, ഹോ..

കൂടെ കിട്ടിയ ചൂര മീനിന്റെ ഗ്രേവിയും വളരെ രുചികരം. ഉടമയുടെ വീട്ടിൽ വച്ച് ഉണ്ടാക്കിയ പത്തിരിയാണ് കടയിൽ കൊണ്ട് വരുന്നത്. നല്ല ടേസ്റ്റുള്ള അടിപൊളി പത്തിരിയും സുഖിച്ചു. വില വിവരം: ഹാമൂർ മീൻ – ₹ 650, ഷാഫി – ₹ 190, കല്ലുമ്മക്കായ – ₹ 180 (പുതിയ വില ₹ 200), ചൂര മീൻകറി – ₹ 30, ടൈഗർ കൊഞ്ച് വലിയ സൈസ് – ₹ 450 , പത്തിരി – ₹ 5. മീൻ വിഭവങ്ങളുടെ വിലയിൽ മാറ്റങ്ങൾ വന്നേക്കാം.

ചുട്ട മീൻ & പൊരിച്ച മീൻ വന്ന വഴി – വിഴിഞ്ഞത്ത് 1986 ൽ “ബർക്കത്ത്”എന്ന പേരിലാണ് ഈ രുചിയിടത്തിന്റെ ആരംഭം. ശ്രീ മുഹമ്മദ് ഇബ്രാഹിമാണ് ഇത് തുടങ്ങി വച്ചത്. തുടക്കം മുതലേ മീൻ കറിയും മീൻ വറുത്തതുമായി മീനിന് പ്രാധാന്യം കൊടുത്ത ഒരിടം. കൂടെ കഴിക്കാൻ പുട്ട്, അപ്പം, ഇടിയപ്പം, പെറോട്ട, ഉറട്ടി എന്നീ വിഭവങ്ങളും. ചുട്ട മീൻ പൊരിച്ച മീനിന്റെ ഇപ്പോഴത്തെ ഉടയോനായ ശ്രീ Ashraf Safa ബാല്യം മുതലേ തന്റെ വാപ്പയായ ശ്രീ മുഹമ്മദ് ഇബ്രാഹിമിനെ സഹായിക്കാൻ കൂടെയുണ്ടായിരുന്നു.

ബർക്കത്ത് എന്ന പേര് ഇടയ്ക്ക് മാറ്റി ‘പൊരിച്ചമീൻ’ എന്നാക്കി. 2011 ൽ കട വാടകയ്ക്ക് നല്കി. 2018 ൽ ശ്രീ അഷറഫ് ഗൾഫിൽ നിന്ന് തിരിച്ച് വന്നു വീണ്ടും ‘പൊരിച്ചമീൻ’ ഏറ്റെടുക്കുകയും സീ ഫുഡിനായി കൂടുതൽ പ്രാധാന്യം കൊടുക്കുകയും ചെയ്തു. അതിനോടൊപ്പം ‘ചുട്ടമീൻ’ എന്ന ഭക്ഷണയിടത്തിന്റെ പാർട്ട്ണറാവുകയും ചെയ്തു. 2020 ആഗസ്റ്റ് 20 ന് കുറവൻകോണത്ത് “ചുട്ട മീൻ പൊരിച്ച മീൻ” എന്ന പേരിൽ സ്വന്തം സ്ഥാപനം ആരംഭിക്കുകയും ചെയ്തു. വിഴിഞ്ഞത്ത് ലോക്ക്ഡൗൺ സമയത്ത് അടഞ്ഞ് കിടന്ന സ്ഥാപനം ചുട്ട മീൻ പൊരിച്ച മീനെന്ന പേരിൽ 2020 Dec 20 ന് വീണ്ടും പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.

സാധാരണ ലഭ്യമായ മീൻ വിഭവങ്ങൾ – കൊഞ്ച്, കണവ, ചിപ്പി, ഞണ്ട്, അയല, ചൂര, നെന്മീൻ, വേളാപ്പാര, ഹാമൂർ, റെഡ് ഹാമൂർ, ചെമ്പല്ലി, ചേരി, ഷാഫി, വളയോട്, ലോബ്സ്റ്റർ, കൊമ്പൻ, കിളിമീൻ, തള, ആവോലി, ചിപ്പി, പുതിയാപ്പിള കോര, White paplet, സിഡി കാര, പാലാമീൻ തുടങ്ങിയവ. മീനല്ലാതെ കഴിക്കാൻ പത്തിരി, ചപ്പാത്തി പുട്ട് ഇവയാണ് കുറവൻകോണത്ത് ഉള്ളത്.

ഇവിടെ (കുറവങ്കോണം) സാധാരണ രീതിയിൽ 8 പേർക്ക് ഇരുന്ന് കഴിക്കാം.Timings – 4 PM to 10:30 PM (വിഴിഞ്ഞത്ത് വൈകുന്നേരം 4 മണി മുതൽ രാത്രി 2 മണി വരെയാണ്, അവിടെ 44 പേർക്ക് ഇരുന്ന് കഴിക്കാം). Address – ചുട്ട മീൻ & പൊരിച്ച മീൻ, കുറവൻകോണം, MOB – 8139892956, Location: പട്ടത്ത് നിന്ന് വരുമ്പോൾ കുറവൻകോണം ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിയുന്ന റോഡിൽ തുടക്കത്തിൽ ഇടത് വശത്ത് (കലവറ കഴിഞ്ഞ്).

Related Posts

Previous Post Next Post

Leave a Reply

Your email address will not be published. Required fields are marked *