‘സുന്ദരിപ്പുട്ട്’ മുതൽ ‘മിക്സ്ചർ പുട്ട്’ വരെ; ഒരു വെറൈറ്റി പുട്ടുകട

കേരളത്തിൽ പുട്ട് സ്പെഷ്യലായി കിട്ടുന്ന ധാരാളം പുട്ടുകടകളുണ്ട്. അവയിൽ ചിലതൊക്കെ ഞാൻ എക്‌സ്‌പ്ലോർ ചെയ്തിട്ടുമുണ്ട്. എന്നാൽ എന്നെ ഏറെ അമ്പരപ്പിച്ച ഒരു പുട്ടുകടയാണ് തിരുവനന്തപുരത്തെ കുറ്റിച്ചാലിൽ സ്ഥിതിചെയ്യുന്ന ആമിനാ പുട്ടുകടയും അവിടത്തെ സ്പെഷ്യൽ പുട്ട് ഐറ്റങ്ങളും. ഈയിടെ കോട്ടൂർ ആന സങ്കേതത്തിലേക്കുള്ള യാത്രയിലായിരുന്നു ഞാൻ ഈ വ്യത്യസ്തമായ രുചിയിടം ശരിക്കും അനുഭവിച്ചറിഞ്ഞത്.

53 ലധികം സ്പെഷ്യൽ പുട്ടുകളാണ് ആമിനാ പുട്ടുകടയിലെ പ്രധാന ആകർഷണം. ഇവിടുത്തെ ഷെഫ് സുൾഫിക്കറാണ് ഈ വ്യത്യസ്തമായ പുട്ടുകളുടെ രുചിക്കൂട്ടൊരുക്കുന്നത്. സുന്ദരിപ്പുട്ട്, അമൂല്യയിനം ഔഷധക്കൂട്ട് ചേർത്ത പച്ചിലപുട്ട്, ബിരിയാണി പുട്ട്, ഒൗഷധ ഗുണമുള്ള ഓടയ്ക്കപൊടിച്ചെടുത്ത പുട്ട്, പച്ചിലപുട്ടു പൊടി, കാരറ്റ് പുട്ട്, ബീറ്റ് റൂട്ട് പുട്ട് തുടങ്ങി വ്യത്യസ്തമായ പേരുകളിലാണ് ഇവിടെ പുട്ട് ലഭിക്കുന്നത്. എങ്കിലും അഗസ്ത്യ മലയുടെ താഴ്​വരയിൽ നിന്നും കിട്ടുന്ന അപൂർവ്വയിനം പച്ചിലകൂട്ട് ചേർത്ത ‘പച്ചിലപുട്ട്’ ആണ് ഇവിടത്തെ സൂപ്പർ താരം.

ആമിനാ പുട്ടുകടയിലെ ഷെഫ് സുൽഫിക്കറുമായുള്ള വിശേഷം പറച്ചിലിൽ അവിടത്തെ കുറച്ചു പുട്ട് വിഭവങ്ങളുടെ റെസീപ്പി ഞാൻ മനസ്സിലാക്കിയെടുക്കുകയും ചെയ്തു. കൂടുതൽ വിവരങ്ങൾ മനസ്സിലാക്കുവാനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ ഒന്നു കാണുക.

സുന്ദരിപുട്ട് ഉണ്ടാക്കുവാനായി വേണ്ട സാധനങ്ങൾ ചോള പുട്ട് പൊടി, കാരറ്റ് പുട്ട് പൊടി, ബീറ്റ്റൂട്ട് പുട്ട് പൊടി, നാടൻ പച്ചരി പുട്ട് പൊടി, പച്ചിലകൂട്ട് പുട്ട് പൊടി, പുന്നെല്ല് പുട്ട് പൊടി എന്നിവയാണ്. തേങ്ങാപ്പീര ഇട്ട് ആദ്യം പുന്നെല്ല് പൊടി, പച്ചില പൊടി, ബിറ്റ്റൂട്ട്, കാരറ്റ്, ചോളപ്പൊടി ചേർത്ത പുട്ട് പൊടി എന്നിവ പുട്ടുകുറ്റിയിൽ നിറച്ചെടുത്ത് ആവികയറ്റി എടുത്താൽ സുന്ദരിപുട്ട് റെഡി.

ഇനി വേറൊരു ഐറ്റം. ഓടയ്ക്ക പുട്ട്. ഓടയ്ക്ക പൊടിച്ചത് ഉപ്പും വെള്ളവും ചേർത്ത് കുഴച്ച് എടുത്ത് (അരിപ്പൊടി ചേർക്കണ്ട), നാളികേരം ചേർത്ത് ആവിയിൽ വേവിച്ചെടുത്താൽ ഓടയ്ക്ക പുട്ട് റെഡിയായി. അതുപോലെ തന്നെ പൊറോട്ട കൊണ്ട് പുട്ടുണ്ടാക്കാൻ സാധിക്കുമോ? സാധിക്കും എന്ന് ഈ പുട്ടുകടയിൽ വന്നവർ പറയും. കാരണം ഇവിടെ പൊടിച്ചെടുത്ത പൊറോട്ട കൊണ്ടുള്ള ഒരു വെറൈറ്റി പുട്ട് തയ്യാറാണ്.

പൊറോട്ട കൊണ്ടുള്ള പുട്ട് ഉണ്ടാക്കുന്ന വിധം ഇനി പറയുന്നതുപോലെയാണ്. 4 പൊറോട്ട പൊടിയായി അരിഞ്ഞെടുത്തത്, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, മുളകുപൊടി, പച്ചമുളക്, ബീറ്റ്റൂട്ട്, സവാള, മല്ലിയില, കറിവേപ്പില എന്നിവ ആവശ്യത്തിന് വെള്ളവും ചേർത്ത് നനച്ചെടുത്ത് തേങ്ങയിട്ട് പുട്ടുകുറ്റിയിൽ നിറച്ച് വേവിച്ച് എടുക്കാം. പൊറോട്ട പുട്ട് റെഡി.

ഇവിടത്തെ മറ്റൊരു വ്യത്യസ്ത ഐറ്റമാണ് മിക്സ്ചർ പുട്ട്. അതുണ്ടാക്കുന്നത് ഇനിപറയും വിധമാണ്. പൊടിച്ചെടുത്ത മിക്സചർ (ഒരു കുറ്റി പുട്ടിന് 100 ഗ്രാം), ഉപ്പ്, കുരുമുളകുപൊടി, മഞ്ഞൾപ്പൊടി, മുളകുപൊടി, അരിപ്പൊടിയും റവയും ചേർന്നപൊടി (രണ്ട് സ്പൂൺ) എന്നിവ ആവശ്യത്തിന് വെള്ളം ചേർത്ത് കട്ടകെട്ടാതെ യോജിപ്പിച്ചെടുക്കുക. കറിവേപ്പിലയും മല്ലിയിലയും നാളികേരവും ചേർത്ത് ആവിയിൽ വേവിച്ചെടുക്കാം. മറ്റ് കറികൾ ഒന്നും ഇല്ലാതെ തന്നെ ഈ മിക്സചർ പുട്ട് കഴിക്കാം.

ആമിനാ പുട്ടുകടയിലെ പുട്ടു വിശേഷങ്ങൾ ഒരു ലേഖനത്തിൽ ഒതുക്കാവുന്നതല്ല. അതുകൊണ്ട് നിങ്ങൾ എപ്പോഴെങ്കിലും അവിടെ നേരിട്ടുപോയി പുട്ടുകളുടെ രുചികൾ നേരിട്ടനുഭവിച്ചറിയുക. കൂടുതൽ വിവരങ്ങൾക്ക് : ആമിന പുട്ടുകട, കുറ്റിച്ചാൽ, തിരുവനന്തപുരം, ഫോൺ – 9895114135.

Related Posts

Previous Post Next Post

Leave a Reply

Your email address will not be published.