നെതർലാൻഡ് രാജാവ് താമസിച്ച ഹൗസ്‌ബോട്ടിൽ ഒരു ദിവസം

കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന നമ്മുടെ ആലപ്പുഴ… കോവിഡിന് ശേഷം ആലപ്പുഴയിലേക്ക് ആയിരുന്നു ഞാൻ യാത്ര പ്ലാൻ ചെയ്തത്. ആലപ്പുഴയുടെ ദൃശ്യഭംഗിയും, ജലാശയങ്ങളും, നെല്‍പാടങ്ങളും പകർന്നു നൽകുന്ന മനോഹാരിത അവര്‍ണ്ണനീയമാണ്. അത് ആസ്വദിക്കാൻ ഇന്ന് ഭൂരിഭാഗം ടൂറിസ്റ്റുകളും തിരഞ്ഞെടുക്കുന്നത് ഹൗസ്ബോട്ടുകളെയാണ്. അതുകൊണ്ടു തന്നെ ഇത്തവണ ഞാൻ തിരഞ്ഞെടുത്തതും ഒരു ഹൗസ്‌ബോട്ട് യാത്ര തന്നെയാണ്.

നമ്മൾ യാത്ര ചെയ്യുവാനായി തിരഞ്ഞെടുത്ത ഹൗസ്‌ബോട്ടിന് ഒരു പ്രത്യേകത കൂടിയുണ്ട്. നെതർലാൻഡ് രാജാവും രാജ്ഞിയും കുറേനാൾ മുൻപ് നമ്മുടെ നാട് സന്ദർശിച്ച കാര്യം മിക്കയാളുകൾക്കും ഓർമ്മയുണ്ടാകുമല്ലോ. അന്ന് രാജാവും റാണിയും ആലപ്പുഴയിൽ താമസിച്ച സ്‌പൈസ് റൂട്സിൻ്റെ ലക്ഷ്വറി ഹൗസ്ബോട്ടിലാണ് ഇത്തവണ നമ്മുടെ യാത്ര.

അങ്ങനെ യാത്രയുടെ ദിവസം വന്നെത്തി. ഞാൻ തിരുവനന്തപുരത്തെ വീട്ടിൽ നിന്നും ആലപ്പുഴയിലേക്ക് യാത്രയായി. ആലപ്പുഴയിലെത്തിയശേഷം പാർക്കിംഗിൽ കാർ ഇട്ടിട്ട് ഞാൻ ബോട്ടിലേക്ക് കയറി. എന്നെ സ്വീകരിക്കുവാനായി സ്‌പൈസ് റൂട്സിൻ്റെ ആളുകൾ അവിടെയുണ്ടായിരുന്നു. മികച്ച രീതിയിലുള്ള സ്വീകരണമാണ് എനിക്ക് അവരിൽ നിന്നും ലഭിച്ചത്.

ബോട്ടിൽ കയറിയ എന്നെ ബോട്ട് മുഴുവനും അവർ ആദ്യമേ തന്നെ കാണിക്കുകയും പരിചയപ്പെടുത്തി തരികയും ചെയ്തു. പുറമെ നിന്നും കാണുന്നത് പോലെയായിരുന്നില്ല ബോട്ടിനകത്തെ സൗകര്യങ്ങൾ. ലക്ഷ്വറിയുടെ അങ്ങേയറ്റം തന്നെയായിരുന്നു ആ ബോട്ട്. എനിക്ക് തോന്നുന്നു ആലപ്പുഴയിലെ ഏറ്റവും ആഡംബരപൂർണ്ണമായ ഹൗസ്‌ബോട്ട് ചിലപ്പോൾ ഇതുതന്നെയായിരിക്കും.

കോവിഡ് ലോക്ക്ഡൗണിനു ശേഷം ഇവർ സർവ്വീസ് തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. എങ്കിലും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് സർവ്വീസ് നടത്തുന്നത്. അങ്ങനെ ഞങ്ങൾ ബോട്ട് യാത്ര ആരംഭിച്ചു. കായലിലൂടെയും ചെറിയ തോടുകളിലൂടെയുമൊക്കെ യാത്ര ഞാൻ ശരിക്കും ആസ്വദിക്കുകയായിരുന്നു. ബോട്ട് യാത്ര ആസ്വദിക്കുന്നതിനൊപ്പം കുട്ടനാടൻ ജനതയുടെ ജീവിതം നേരിട്ട് കണ്ടുമനസ്സിലാക്കുവാനും ഇത്തരം യാത്രകളിൽ സാധിക്കും.

കൂടുതൽ കാഴ്ചകൾ ആസ്വദിക്കുവാനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

ഹണിമൂൺ ദമ്പതികളെ സംബന്ധിച്ച് മറക്കാനാവാത്ത അനുഭവമാണ് ഹൗസ്‌ബോട്ട് ഉല്ലാസയാത്ര നല്‍കുന്നത്. അവരുടെ മധുവിധു കാലഘട്ടത്തിലെ ഏറ്റവും മികച്ച, പ്രണയാതുരമായ അനുഭവമാണ് ഈ യാത്രയില്‍ അവര്‍ക്ക് ലഭിക്കുന്നത്. ഹൗസ്‌ബോട്ട് യാത്രയിലെ ഏറിയ പങ്കും ദമ്പതികളാണ്. ബോട്ടിലെ ഹണിമൂൺ പാക്കേജുകളിലെ ഫ്‌ളവര്‍ ബെഡും, കാന്റില്‍ ലൈറ്റ് ഡിന്നറും, കേക്കുമുറിയുമൊക്കെ ആനന്ദമേകുന്ന നിമിഷങ്ങൾ സമ്മാനിക്കുന്നു.

മണിക്കൂറുകൾ മാത്രം നീണ്ട യാത്ര, ഒരു പകൽ നീണ്ട യാത്ര, ഒരു പകലും രാത്രിയും നീണ്ട യാത്ര എന്നിങ്ങനെ പലതരത്തിലുള്ള ഹൗസ്ബോട്ട് പാക്കേജുകൾ ഇന്ന് നിലവിലുണ്ട്. വൈകുന്നേരം അഞ്ചു മണിയോടെ ഹൗസ്‌ബോട്ടുകൾ കരയ്ക്കടുപ്പിക്കും. പിന്നെ കായലിൽ മീൻപിടുത്തക്കാരുടെ ഊഴമാണ്. രാത്രി പാക്കേജുകൾ എടുക്കുന്നവർക്ക് ഇങ്ങനെ കരയ്ക്കടുപ്പിച്ച ഹൗസ്ബോട്ടുകളിൽ താമസിക്കാം. അടുത്ത ദിവസം ആ കരയിലൂടെ നടന്ന് കുട്ടനാടൻ പുലർകാല കാഴ്ചകൾ ആസ്വദിക്കുകയും ചെയ്യാം.

Related Posts

Previous Post Next Post

Leave a Reply

Your email address will not be published. Required fields are marked *